ജലീലിന്റെത് അപമാനകരമായ പരാമർശം: ഗവർണർ

single-img
14 August 2022

കെ.ടി.ജലീലിന്‍റെ കശ്മീര്‍ പരാമർശം അപമാനകരമാണ് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലീലിന്റെ കശ്മീർ പരാമർശം കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി, അംഗീകരിക്കാനാവില്ല. വളരെയധികം വേദനിപ്പിച്ചു. ഇത് അറിഞ്ഞിട്ടു പറഞ്ഞതാണോ, അതോ അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് ആശ്ചര്യപ്പെട്ടു. ഇത്രയും അപമാനകരമായ പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. ഇത് സ്വാതന്ത്ര്യത്തിന്റെ ആഘോഷ സമയമാണ്. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്?’– ഗവർണർ ചോദിച്ചു.

അതേസമയം ദൽഹി തിലക് മാ‍ർഗ് പൊലിസ് സ്റ്റേഷിനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകി. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണം എന്നാണ് ആവശ്യം. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ജലീലിനെെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.