സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താത്ത വീടിന്റെ ചിത്രമെടുക്കണം: ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ്

single-img
13 August 2022

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രമെടുക്കാൻ അണികൾക്കു നിർദേശം നൽകി ബിജെപി ഉത്തരാഖണ്ഡ് പ്രസിഡന്റ് മഹേന്ദ്ര ഭട്ട്.

സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഹൽദ്വാനിയിൽ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ആണ് ബിജെപി ഉത്തരാഖണ്ഡ് അധ്യക്ഷൻ മഹേന്ദ്ര ഭട്ടിന്റെ വിവാദ പ്രസ്താവന. ദേശീയ പതാക ഉയർത്താത്തവരെ ഇന്ത്യക്ക് വിശ്വസിക്കാനാവില്ല എന്നും, അവരെ തിരിച്ചറിയാൻ ആണ് ചിത്രങ്ങൾ എടുക്കാൻ നിദ്ദേശിക്കുന്നത്- ഭട്ട് പറഞ്ഞു.

എന്നാൽ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ഭട്ട് രംഗത്ത് വന്നു. ഈ രാജ്യത്തോട് സ്നേഹം ഉള്ളവർ അവരുടെ വീട്ടിൽ ദേശീയ പതാക ഉയർത്താൻ മടിക്കില്ല എന്നാണ് എന്റെ ഉറച്ച വിശ്വാസം. ദേശീയ പതാക ഉയർത്തിപ്പിടിച്ചാണ് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ കഴുമരത്തിലേക്ക് പോയത്. ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മറുപടിയായി രാജ്യത്തുടനീളമുള്ള എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- മഹേന്ദ്ര ഭട്ട് പറഞ്ഞു.

ആർഎസ്എസ് ആസ്ഥാനത്ത് മുൻപ് ദേശീയ പതാക ഉയർത്തിയിരുന്നില്ലെന്നും ഭട്ടിന്റെ മാനദണ്ഡപ്രകാരം അവരെയും വിശ്വസിക്കാനാവില്ലെന്നും സംസ്ഥാന കോൺഗ്രസ് നേതാവ് കരൺ മഹറ കുറ്റപ്പെടുത്തി.