വിമർശനങ്ങൾക്കൊടുവിൽ ആർഎസ്എസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി

single-img
13 August 2022

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ആർഎസ്എസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ പരമ്പരാഗത കാവി പതാകയിൽ നിന്ന് ദേശീയ ത്രിവർണ്ണ പതാകയിലേക്ക് മാറ്റി. വലിയ വിമർശനങ്ങൾക്കൊടുവിലാണ് ആർഎസ്എസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി മാറ്റിയത്.

ആർഎസ്എസ് പ്രവർത്തകർ ‘ഹർ ഘർ തിരംഗ’ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും, എല്ലാ ഓഫീസുകളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്ന് ആർഎസ്എസ് പബ്ലിസിറ്റി ഡിപ്പാർട്ട്‌മെന്റ് കോ-ഇൻചാർജ് നരേന്ദർ താക്കൂർ പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുമ്പോൾ, ഓഗസ്റ്റ് 2 നും 15 നും ഇടയിൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമായി ‘തിരംഗ’ (ത്രിവർണ്ണ പതാക) ഇടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആർഎസ്എസ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മാറിയിരുന്നില്ല. ഇതിനെതിരെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു.

52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത സംഘടന ‘തിരംഗ’ പ്രൊഫൈൽ ആക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം അനുസരിക്കുമോ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആർഎസ്‌എസിനെ വ്യക്തമായ പരാമർശത്തിൽ ഈ മാസം ആദ്യം ചോദിച്ചത്.