ഒഎൻജിസിയുടെ ഒന്നാം പാദത്തിലെ ലാഭം 3 മടങ്ങ് വർധിച്ചു 15,205.85 കോടി രൂപയായി

single-img
13 August 2022

ജൂൺ പാദത്തിൽ ഇന്ത്യയിലെ മുൻനിര എണ്ണ, വാതക ഉൽപ്പാദകരായ ഒഎൻജിസി അറ്റാദായം മൂന്നിരട്ടിയായി വർധിച്ചു. 15,205.85 കോടി രൂപയാണ് കമ്പനിയുടെ ഒന്നാം പാദ ലാഭം. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 4,334.75 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഓഫ്‌ഷോർ വരുമാനം 27,990 കോടി രൂപയായിരുന്നപ്പോൾ ഓൺഷോർ വരുമാനത്തിൽ നിന്നുള്ള സംഭാവന 14,330 കോടി രൂപയായിരുന്നു. ഏകീകൃത അടിസ്ഥാനത്തിൽ ഒഎൻജിസിയുടെ ലാഭം ഏകദേശം ഇരട്ടിയായി 11,937 കോടി രൂപയായി.

ഈ കാലയളവിൽ ഒഎൻജിസിയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം 3.2 ശതമാനം ഉയർന്ന് 4.742 എംഎംടിയായി. കൂടാതെ ഗ്യാസ് ഉൽപ്പാദനം 5.216 ബിസിഎം ആയി. വാർഷികാടിസ്ഥാനത്തിൽ 2.1% വർധനയാണ് രേഖപ്പെടുത്തിയത്.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) ഇന്ത്യയിലെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ, പ്രകൃതി വാതക കമ്പനിയാണ്. ഇന്ത്യൻ ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 71% സംഭാവന ചെയ്യുന്നു. എണ്ണ, വാതകം എന്നിവയുടെ പര്യവേക്ഷണത്തിന്റെയും ഉൽപാദനത്തിന്റെയും അനുബന്ധ എണ്ണപ്പാട സേവനങ്ങളുടെയും എല്ലാ മേഖലകളിലും ഇതിന് ഇൻ-ഹൗസ് സേവന ശേഷിയുണ്ട്.