ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ വിനയാന്വിതരാകണം: പിണറായി വിജയന്‍

single-img
13 August 2022

ഇടതുനേതാക്കള്‍ക്ക് വിനയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത്‌ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിനെതിരെ ശത്രുത വളര്‍ത്താനുള്ള യുഡിഎഫ് ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞു. എല്‍ഡിഎഫിന് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചത് ഇതിന് തെളിവാണ്. വികസനം എല്‍ഡിഎഫിന് മാത്രമല്ല, നാടിനും വരുംതലമുറയ്ക്കും വേണ്ടിക്കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോർപ്പറേറ്റ്‌ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് മുഖ്യന്ത്രി നടത്തിയത്. രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ മാധ്യമങ്ങൾ മിണ്ടുന്നില്ല. കോർപ്പറേറ്റ്‌ മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ ഒന്നും മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌ സ്വീകരിക്കുമ്പോഴും മൗനം പാലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ഭീഷണിപ്പെടുത്തി അനുകൂലമാക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി ആരോപിച്ചു.