ജയിൽ മോചനം വേണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി സുപ്രീം കോടതിയിൽ

single-img
12 August 2022

രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ വിട്ടയച്ചതിനു പിന്നാലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി നളിനി ശ്രീഹരൻ സുപ്രീം കോടതിയെ സമീപിച്ചു. രാജീവ് ഗാന്ധിയടക്കം 21 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന നളിനി വധക്കേസിലെ മുഖ്യപ്രതിയായിരുന്നു.

കേസിലെ ഏഴ് പ്രതികളിൽ പേരറിവാളൻ, നളിനി, പി രവിചന്ദ്രൻ എന്നിവർ മാത്രമാണ് ഇന്ത്യക്കാർ. മറ്റ് നാല് പേർ ശ്രീലങ്കക്കാരാണ്. മേയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

1999-ൽ സുപ്രീം കോടതി നളിനി, പേരറിവാളൻ, മറ്റ് രണ്ടുപേർ എന്നിവർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ 2000-ൽ സോണിയാ ഗാന്ധി ദയാഹർജി നൽകിയതിനെ തുടർന്ന് നളിനിക്ക് നൽകിയ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.

മുപ്പത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ ശേഷമായിരുന്നു പേരറിവാളന് ജയിൽ മോചനം ലഭിച്ചത്. ഇതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ നളിനിയും രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു.

ആർട്ടിക്കിൾ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നായിരുന്നു വിശദീകരണം. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മോചനം വേണമെന്ന ആവശ്യവുമായി നളിനി സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്.