തീരുമാനങ്ങൾ എടുക്കുന്നതിൽ മന്ത്രിമാർ പരാജയം; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

single-img
12 August 2022

തീരുമാനങ്ങൾ എടുക്കുന്നതിൽ പല മന്ത്രിമാരും പരാജയമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. നേരത്തെ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മോശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും വിമർശനം ഉയർന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് സംസ്ഥാന കമ്മറ്റിയിലും വിമർശനം ഉണ്ടായതു എന്നാണു റിപ്പോർട്ട്.

നേതാക്കളായ തങ്ങൾ വിളിച്ചാൽ പോലും ചില മന്ത്രിമാർ ഫോൺ എടുക്കാറില്ലെന്നും, ഭരണരംഗത്തെ പരിചയക്കുറവ് പ്രശ്നമാണെന്നും മുൻ മന്ത്രിമാർ ഉൾപ്പടെയുള്ളവർ വിമർശനം ഉന്നയിച്ചു എന്നാണു പുറത്തു വരുന്ന വാർത്ത. സിപിഎം മന്ത്രിമാരുടെ പ്രവർത്തനമാണു മുഖ്യമായും വിലയിരുത്തിയതെങ്കിലും സിപിഐ മന്ത്രിമാരും വിമർശിക്കപ്പെട്ടു.

പല വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ല എന്നും, ചില പൊലീസ് ഉദ്യോഗസ്ഥർ ജനദ്രോഹികളെപ്പോലെ പെരുമാറുകയാണ് എന്നും വിമർശനം ഉണ്ടായി.

ജനങ്ങളുമായി ദൈനംദിന ബന്ധം പുലർത്തുന്ന തദ്ദേശ സ്വയംഭരണം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ വീഴ്ചകൾ പലരും ചൂണ്ടിക്കാട്ടി. ഘടകകക്ഷികൾ കയ്യാളുന്ന ഗതാഗത, വനം, വൈദ്യുതി വകുപ്പുകൾക്കെതിരെ കടുത്ത വിമർശനമുണ്ടായി.