വ്‌ളോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

single-img
11 August 2022

ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ നടന്ന വ്‌ളോഗർ റിഫ മെഹ്നു വിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതി തുടർ നടപടികൾക്കായി മെഹ്നാസിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മെഹ്നാസിനെ അന്വേഷണ ഭാഗമായി കാസർകോടേക്ക് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. അതേസമയം അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിഫയുടെ ബന്ധുക്കൾ ഹർജി നൽകിയിട്ടുണ്ട്. ഈ ആവശ്യവുമായി ഇന്ത്യൻ എംബസിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

പ്രതിയായ മെഹനാസിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്‍നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു.