സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ച് യുഎഇ

single-img
10 August 2022

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബഹുഭാഷാ സിനിമ സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ പിന്‍വലിച്ചു. മതവികാരത്തെ വൃണപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ചിത്രത്തിന് യുഎഇയില്‍ റിലീസ് ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്.

പക്ഷെ ഇപ്പോൾ സിനിമ വീണ്ടും സെന്‍സറിന് വിധേയമാക്കിയതോടെ അനുമതി ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നാളെ മുതല്‍(ആഗസ്റ്റ് 11) ചിത്രം രാജ്യത്ത് റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

ഈ മാസം അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. മലയാള പതിപ്പിന് കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം അത് അഞ്ഞൂറിലധികം ആയി. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.

ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.