പാലക്കാട് ഡിവൈഎഫ്‌ഐ നേതാവ് സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതിക്ക് ബിജെപി-ആര്‍എസ്എസ് ബന്ധം; അന്വേഷിക്കണമെന്ന് ആവശ്യം

single-img
10 August 2022

പാലക്കാട് ജില്ലയിലെ ചിറ്റിലംചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവായ സൂര്യപ്രിയയെ കൊലപ്പെടുത്തിയ പ്രതി സുജീഷിന് ബിജെപി-ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളും നാട്ടുകാരും ആരോപിക്കുന്നു . പ്രതിയും സുപ്രിയയുടെ മുന്‍പരിചയമുണ്ടെന്ന് പൊലീസ് പറയുമ്പോഴാണ് അറിഞ്ഞതെന്നാണ് ഇവർ പറയുന്നത്.

ഡിവൈഎഫ്‌ഐയുടെ ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സൂര്യപ്രിയ മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗമായും പ്രവര്‍ത്തിക്കുകയായിരുന്നു

കൊലപാതക ശേഷം സുജീഷിന്റെ രാഷ്ട്രീയപശ്ചാത്തലം അന്വേഷിച്ചതെന്നും ഇതിലാണ് ബിജെപി ആര്‍എസ്എസ് ബന്ധം വ്യക്തമായതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.


”എന്താണ് ശരിക്കും നടന്നതെന്ന് പ്രതിക്കും മരണപ്പെട്ട പെണ്‍കുട്ടിക്കും മാത്രമാണ് അറിയാവുന്നത്. ഡിവൈഎഫ്‌ഐയെ സംബന്ധിച്ച് വളരെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നാട്ടിലെ എല്ലാ വിഷയങ്ങളിലും താല്‍പര്യത്തോടെ ഇടപെടുന്ന പെണ്‍കുട്ടിയായിരുന്നു സൂര്യപ്രിയ. എന്താണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. പ്രതി സുജീഷിനെ കുറിച്ച് ഇപ്പോഴാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. ബിജെപി ആര്‍എസ്എസ് അനുഭാവിയായിരുന്നെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. ഇതിന് പിന്നിലെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവണം.”- സംഘടന ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ 11.30ഓടെയായിരുന്നു ചിറ്റിലംചേരി മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24) കൊല്ലപ്പെട്ടത്. പ്രദേശത്തെ വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതക ശേഷം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചീകോട് പയ്യകുണ്ട് സ്വദേശി സുജീഷ് ആലത്തൂര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.