നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല: നിതീഷ് കുമാർ

single-img
10 August 2022

2024ൽ നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല എന്ന് നിതീഷ് കുമാർ. ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിൽ അണിചേർന്ന നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി വീണ്ടും സ്ഥാനമേറ്റ ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയത്. 2014ൽ നിന്ന് 2021ൽ എത്തുമ്പോൾ കാര്യങ്ങൾ ബി,​ജെ.പിക്ക് അനുകൂലമാകില്ല എന്നും, 2014കാരൻ 2024ൽ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് ഒറ്റ രാത്രിയുടെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. പട്നയില്‍ ഗവര്‍ണര്‍ ഫഗു ചൗഹാന്‍ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഡിയുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെ ഏഴ് പാര്‍ട്ടികളും ഒരു സ്വതന്ത്രനുമാണ് സഖ്യത്തിലുള്ളത്. കോണ്‍ഗ്രസിന് രണ്ടും ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച സെക്കുലറിന് ഒന്നും മന്ത്രിപദവികള്‍ ലഭിച്ചേക്കും.

ബിജെപിയുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായതോടെ ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദം രാജിവച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നത്.