ആര് വിചാരിച്ചാലും തന്നെ സംഘിയാക്കാന്‍ സാധിക്കില്ലെന്ന് കെ മുരളീധരൻ

single-img
10 August 2022

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ ശ്രീ.കെ.എം.ബഷീർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് താനായിരുന്നു എന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. ആലപ്പുഴ കളക്ടറായി സർക്കാർ ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയെ കേരളത്തിൽ ജാതി,മത വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും എതിർത്തപ്പോൾ അതേ നിലപാട് അതിശക്തമായി താനും പറഞ്ഞിരുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ബിജെപിയുടെ കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്നും മാത്രമാണ് ഒറ്റപ്പെട്ട ശബ്ദം ഉണ്ടായത്.എന്നാൽ വി.മുരളീധരൻ പറഞ്ഞതിനെ കെ.മുരളീധരന്റെ തലയിൽ കെട്ടിവയ്ക്കാൻ ബിജെപിക്ക് കുഴലൂത്ത് നടത്തുന്ന ഒരു ഓൺലൈൻ മാധ്യമം ശ്രമിക്കുന്നതായി ശ്രദ്ധയിൽ വന്നതായും മുരളീധരൻ പറയുന്നു.

കെ.കരുണാകരന്റെ കുടുംബം എന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും. നാളെ ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ ശ്രീ.കെ.എം.ബഷീർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആദ്യം പ്രതികരിച്ചത് ഞാനായിരുന്നു. അന്ന് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും അയാളെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോൾ ആലപ്പുഴ കളക്ടറായി സർക്കാർ ശ്രീരാം വെങ്കിട്ടരാമനെ നിയമിച്ച നടപടിയെ കേരളത്തിൽ ജാതി,മത വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും എതിർത്തിരുന്നു.അതേ നിലപാട് അതിശക്തമായി ഞാനും പറഞ്ഞിരുന്നു.ബിജെപിയുടെ കേന്ദ്രമന്ത്രി വി.മുരളീധരനിൽ നിന്നും മാത്രമാണ് ഒറ്റപ്പെട്ട ശബ്ദം ഉണ്ടായത്.എന്നാൽ വി.മുരളീധരൻ പറഞ്ഞതിനെ കെ.മുരളീധരന്റെ തലയിൽ കെട്ടിവയ്ക്കാൻ ബിജെപിക്ക് കുഴലൂത്ത് നടത്തുന്ന ഒരു ഓൺലൈൻ മാധ്യമം ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

കെ കരുണാകരന്റെ കുടുംബം എന്നും മതേതരവാദികൾക്കൊപ്പം മാത്രമേ നിലകൊണ്ടിട്ടുള്ളൂ. മരണം വരെയും അത് തുടരും. നാളെ ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വന്നാലും ഭയപ്പെടാതെ സംഘപരിവാറിനെതിരെ അതിശക്തമായ നിലപാട് നാളിതുവരെയും സ്വീകരിച്ചിട്ടുണ്ട്. അന്നും ഇന്നും എന്നും അതെന്റെ ഉറച്ച നിലപാടാണ്. അതിന് സംഘപരിവാർ അനുകൂല മാധ്യമങ്ങളുടെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല.കെ.മുരളീധരനെ ആരു വിചാരിച്ചാലും സംഘിയാക്കാൻ ആകില്ല. നുണപ്രചാരണങ്ങൾ ആരുടെ ക്വട്ടേഷൻ ആയാലും അതിന് വെച്ച വെള്ളം അങ്ങ് മാറ്റി വച്ചേക്കണം.