തെറ്റ് പറ്റിയിട്ടില്ല, പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്: കളക്ടർ രേണു രാജ്

single-img
10 August 2022

കനത്ത മഴയുടെ സമയം വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. അവധിക്കാര്യത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്നും പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ പറയുന്നു.

ജില്ലയില്‍ അന്നേദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്നും എന്നാല്‍ സംഭവത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത് മനസ്സിലാക്കുന്നതായും അവർ പറഞ്ഞു.

അതേസമയം, താൻ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും രേണുരാജ് കൂട്ടിച്ചേർത്തു. ഈ മാസം 4നാണ് കളക്ടറുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് ജില്ലയില്‍ ആശയക്കുഴപ്പമുണ്ടായത്. അന്ന് രാവിലെ 8.25നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാൽ ഇതിനോടകം പലയിടത്തും വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയവരെ മടക്കി അയക്കേണ്ടതില്ലെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടെന്നുമാണ് കളക്ടര്‍ അറിയിച്ചത്.