ചൈനീസ് ചാരക്കപ്പൽ ലങ്കയിലേക്ക്; യാത്ര ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു

single-img
10 August 2022

ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കയിലേക്ക് യാത്ര തുടരുന്നു. വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖത്തു എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുകയെങ്കിലും ഇന്ത്യയുടെ ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ആണ് വരുന്നത് എന്നാണു ആരോപണം.

ഏഴു ദിവസത്തോളം കപ്പൽ തുറമുഖത്ത് ഉണ്ടാകും എന്നാണ് ശ്രീലങ്കയെ ചൈന അറിയിച്ചിട്ടുള്ളത്. 750 കിലോമീറ്റർ ആകാശപരിധിയിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഇന്ത്യയുടെ എതിർപ്പ് പരിഗണിച്ച് ചാരക്കപ്പലിന്റെ യാത്ര നീട്ടണമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ‘ചൈനയുടെ ശാസ്ത്രീയ പര്യവേക്ഷണം വിവേകത്തോടെയും ശരിയായ രീതിയിലും മനസ്സിലാക്കി, ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ചില കക്ഷികളോട് അഭ്യർഥിക്കുന്നു’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന ഇതിന് മറുപടി നൽകി.