കിഫ്‌ബിക്കെതിരായ ഇഡി അന്വേഷണം അനാവശ്യം; കെകെ ശൈലജ ഉൾപ്പെടെ അഞ്ച് എംഎൽഎമാർ ഹർജിയുമായി ഹൈക്കോടതിയിൽ

single-img
10 August 2022

കിഫ്ബിക്കെതിരായി കേന്ദ്ര അന്വേഷണ ഏജൻസി ഇഡി നടത്തുന്ന അന്വേഷണത്തിനെതിരെ സംസ്ഥാനത്തെ അഞ്ച് എംഎൽഎമാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അന്വേഷണം അനാവശ്യമെന്നും ഇഡിയുടെ ഇടപെടൽ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്തെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ്, മുൻ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് വിഷയത്തിൽ പൊതു താൽപര്യ ഹർജി നൽകിയത്. കിഫ്ബിയിലൂടെ കേരളത്തിൽ നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ വിമർശിക്കുന്നത്.

നിലവിൽ റിസർവ് ബാങ്കിൻറെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. വളരെ ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് താക്കീത് നൽകിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇ ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യ ഹർജികളിൽ കുറ്റപ്പെടുത്തുന്നു. ഹർജികൾ നാളെ ഹൈക്കോടതി ചീഫ് ജസ്റീസിന്റെ ബെഞ്ച് പരിഗണിക്കും.

ഇതോടൊപ്പം തന്നെ ഇഡിയുടെ സമൻസ് പിന്‍വലിക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്ഇഡിക്ക് മുന്നിൽ നാളെ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.