കിഫ്ബിയിൽ ഇ.ഡിയുമായി തുറന്നപോരിനൊരുങ്ങി സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും

single-img
9 August 2022

കിഫ്ബിയെ ലാക്കാക്കി ഇപ്പോള്‍ ഇ.ഡി. നടത്തുന്ന നീക്കങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാൻ സി പി എമ്മിൽ ധാരണയായി എന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഈ മാസം 11-ന് ഡോ: ടി.എം. തോമസ് ഐസക് ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല. ഇക്കാര്യത്തിൽ സി പി എമ്മിന് ലഭിച്ച വിദഗ്ധ നിയമോപദേശവും അനുകൂലമായതോടെയാണ് കടുത്ത തീരുമാത്തിലേക്കു കടക്കാൻ പാർട്ടി തീരുമാനിച്ചത്.

ഇ.ഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലാണ് പാര്‍ട്ടിയും സര്‍ക്കാരും. അതുകൊണ്ടുതന്നെ ഒരുകാരണവശാലും ഇക്കാര്യത്തില്‍ മുട്ടുമടക്കേണ്ടതില്ലെന്നാണ് സി പി എം തീരുമാനം. ഇത്തരത്തില്‍ ഇ.ഡിയെ പ്രതിക്കൂട്ടിലാക്കി രംഗത്തിറങ്ങിയാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിന്തുണ ലഭിക്കുമെന്നും സി.പി.എം. കരുതുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണയും ഇക്കാര്യത്തില്‍ കേരളം ഉറ്റുനോക്കുന്നുണ്ട്

കിഫ്ബിക്ക് വേണ്ടി മസാലാ ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിരീക്ഷണം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ അനുമതിയുടെ അടിസ്ഥാനത്തിലാണ് മസാലാബോണ്ടുമായി മുന്നോട്ടുപോയതെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. ഇതില്‍ ഇ.ഡിക്ക് ഒന്നും ചെയ്യാനില്ല. ആര്‍.ബി.ഐയുടെ അനുമതിയുണ്ടെന്നു മാത്രമല്ല, ഈ പണത്തിന്റെ വിനിയോഗവും മറ്റുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായി ആര്‍.ബി.ഐക്കു നല്‍കുന്നുമുണ്ട്. ആ സാഹചര്യത്തില്‍ കിഫ്ബിക്ക് ഇതില്‍ ഇടപെടേണ്ട ആവശ്യമില്ല എന്നാണ് സി പി എമ്മിന്റെയും സർക്കാരിന്റെയും നിലപാട്.

കിഫ്ബി െവെസ് ചെയര്‍മാന്‍ എന്ന നിലയില്‍ ഇപ്പോള്‍ തോമസ് ഐസകിനെ വിളിച്ചുവരുത്തിയാല്‍ അടുത്തഘട്ടമായി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയെയായിരിക്കും വിളിപ്പിക്കുക. അതുകൊണ്ടു തന്നെ നിയമപരമായും പുറത്തും ശക്തമായി നേരിടാന് സി പി എം തീരുമാനം.