ഇന്ത്യൻ പാർലമെന്റിനേക്കാൾ വിദേശ രാജ്യങ്ങളുടെ പാർലമെന്റിൽ സംസാരിക്കുന്നു; പ്രധാനമന്ത്രിക്കെതിരെ ശശി തരൂർ

single-img
9 August 2022

ഇന്ത്യയുടെ പാർലമെന്റിനേക്കാൾ വിദേശ രാജ്യങ്ങളുടെ പാർലമെന്റിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് ശശി തരൂർ എംപി. നരേന്ദ്ര മോദി രാജ്യത്തിന്റെ പാർലമെന്റിൽ ഹാജരാകാത്തതിനെയാണ് അദ്ദേഹം പരിഹസിച്ചത്.

ഇന്ന് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെയും മോദിയുടെയും പ്രവർത്തന ശൈലിയെ കോൺഗ്രസ് എംപി താരതമ്യം ചെയ്തത്. ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വിപരീതമായി, ഇന്ത്യൻ പാർലമെന്റിനെക്കാൾ കൂടുതൽ പ്രസംഗങ്ങൾ വിദേശ പാർലമെന്റിലാണ് മോദി നടത്തിയതെന്നും തരൂർ പരിഹസിച്ചു.

അതേപോലെ തന്നെ, 1962ലെ ഇന്ത്യ-ചൈന യുദ്ധം അനുസ്മരിച്ചുകൊണ്ട്, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെന്റ് സമ്മേളനം വിളിച്ചതും പ്രശ്‌നങ്ങൾ ചർച്ച ചെയ്തതും തരൂർ വിവരിച്ചു. ഇപ്പോൾ ഇന്ത്യ ചൈന അതിർത്തി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ഉന്നയിക്കാൻ മോദി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ടും ഇന്ത്യ-ചൈന വിഷയങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും ചർച്ചകൾ നടക്കുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.