എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയാകാൻ നിതീഷ് കുമാർ; സത്യപ്രതിജ്ഞ നാളെ

single-img
9 August 2022

ബിജെപിയെയും അവരുടെ എൻഡിഎ മുന്നണിയെയും വിട്ടുപോന്ന പിന്നാലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ പുതിയ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷ് കുമാറിന്റെ പുതിയ മന്ത്രിസഭ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ജനതാദൾ യുനൈറ്റഡ് നേതാവായ നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ആർജെഡിയിൽ നിന്നുള്ള തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. എന്നാൽ നിതീഷിന്റെ ഈ ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും.

ഇന്ന് രാവിലെ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ ഇനി ബിജെപിയുമായി ഒത്തുപോകാനാകില്ലെന്ന് നിതീഷ് കുമാര്‍ അറിയിക്കുകയായിരുന്നു . പിന്നാലെ ആര്‍ജെഡിയും കോണ്‍ഗ്രസും സംയുക്ത യോഗം ചേര്‍ന്ന് നിതീഷ് കുമാറിന് നിരുപാധിക പിന്തുണ പ്രഖ്യാപിചത്തോടെ നിതീഷ് ഗവർണർക്ക് മുന്നിൽ രാജി സമർപ്പിച്ചു.