ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു

single-img
8 August 2022

അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ (97) അന്തരിച്ചു. കണ്ണൂരിലുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.

പത്രപ്രവർത്തന ജീവിതത്തിൽ 30 വര്‍ഷത്തോളം ബ്ലിറ്റ്‌സ് വാരികയുടെ യൂറോപ്യന്‍ ലേഖകന്‍ ആയിരുന്നു. പഴയ സോവിയറ്റ് യൂണിയനിലെ സര്‍വ്വകലാശാലയില്‍ മാക്‌സിസത്തില്‍ ഉന്നതവിരുദം നേടിയ ആളാണ് ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. മൂന്നാം ലോക രാജ്യങ്ങളിലെ സിഐഒയുടെ ഇടപെടലുകള്‍, ഫിഡറല്‍ കാസ്‌ട്രോയ്‌ക്കെതിരെ പലതവണ നടന്ന വധ ശ്രമങ്ങള്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ സ്‌കൂപ്പുകളായി ബ്ലിറ്റ്‌സില്‍ പ്രത്യക്ഷപ്പെട്ടു.

അവിടെ നിന്നും കേരളത്തിലെത്തിയ ശേഷം പിണറായി വിജയന്റെ കടുത്ത വിമര്‍ശകനായാണ് ബെര്‍ലിന്‍ കൂടുതലും അറിയപ്പെട്ടത്. ഒളിക്യാമറകള്‍ പറയാത്തത്, പൊളിച്ചെഴുത്ത് എന്നീ രണ്ട് പുസ്തകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിലെ പിണറായി യുഗത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ചെറുപ്പത്തിൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു.

കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാർട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തൻ നിർവ്വഹിച്ചിരുന്നത്.