തായ്‌വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

single-img
8 August 2022

തായ്പേയ്: തായ്‌വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹസിങ്ങിനെയാണ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തായ്‌വാന്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഉപമേധാവിയാണ് അദ്ദേഹം.

ദക്ഷിണ തായ്‌വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടലില്‍ ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഔദ്യോഗിക ആവശ്യത്തിനായാണ് ഔ യാങ് പിങ്ടുങ്ങിലേക്ക് പോയതെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ചൈനയില്‍ നിന്നുള്ള സൈനിക വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ ലക്ഷമിട്ട് മിസൈല്‍ നിര്‍മാണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയര്‍ത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് തയ്‌വാന്‍. തായ്‌വാന്റെ മിസൈല്‍ പദ്ധതികളുടെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുന്ന ചുമതല ഈ വര്‍ഷം ആദ്യമാണ് ഔ യാങ് ലി ഏറ്റെടുത്തത്.

തങ്ങളുടെ ഭാഗമാണ് തായ്‌വാന്‍ എന്നാണ് ചൈനയുടെ അവകാശവാദം. ഇതിനിടെ യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചത് ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന ഉപരോധം ഏര്‍പ്പെടുത്തി. 25 വര്‍ഷത്തിനിടെ ആദ്യമായി ഒരു അമേരിക്കന്‍ സ്പീക്കര്‍ തായ്വാന്‍ സന്ദര്‍ശിച്ചത്.