കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തണം: വി ഡി സതീശന്‍

single-img
7 August 2022

കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് വി ഡി സതീശന്‍. ദേശീയ കുഴി ആയാലും സംസ്ഥാന കുഴി ആയാലും വീഴുന്നത് മനുഷ്യന്മാർ ആണ്. സ്ഥിതി അതീവ ഗുരുതരം ആയതു കൊണ്ടാണ് നിയമസഭയിൽ അടിയന്തര പ്രമേയമായി ഈ വിഷയം പ്രതിപക്ഷം കൊണ്ട് വന്നത്. പക്ഷെ പൊതുമരാമത്തു വകുപ്പ് മന്ത്രി അതിനെ പരിഹാസത്തോടെയാണ് കണ്ടത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടാതെ മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ല എന്നും, ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഹാഷിമിന്റെ കുടുംബത്തെ സഹായിക്കാൻ അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

നെടുമ്പാശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ എ ഹാഷിം മരിച്ചത്. ഹോട്ടല്‍ ഉടമയായ ഹാഷിം രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു.