സിനിമ അല്ലാതെ മറ്റൊന്നും എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല: മമ്മൂട്ടി

single-img
7 August 2022

സിനിമയിൽ ഒരിക്കലും താനൊരു സ്റ്റാർ‌ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ലാല്‍ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സോളമന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായി മമ്മൂട്ടി നടത്തിയ സംവാദത്തിലായിരുന്നു ചില തുറന്നുപറച്ചിലുകൾ.

“ഞാൻ ഒരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങേയറ്റം, വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്‍ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കി വന്നതൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മെ സിനിമാക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല.’ – അദ്ദേഹം പറഞ്ഞു.

സിനിമയല്ലാതെ മറ്റൊന്നും തന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. മറ്റൊന്നും തേടി ഞാൻ പോയിട്ടില്ല. വെള്ളിത്തിരയിൽ കാണുന്ന സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി അഭിപ്രായപ്പെടുന്നു.

സിനിമയെ ജോലിയാക്കുമ്പോൾ സിനിമയിൽ നിന്നും വരുമാനമില്ലാത്ത വരുമ്പോൾ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥയെ കുറിച്ചും താരം പറയുന്നുണ്ട്. ആ പ്രതിസന്ധിയെ മറികടക്കാൻ സിനിമക്കൊപ്പം ഓടണം . സിനിമക്ക് നമ്മളെ എന്നല്ല ആരെയും ആവശ്യമില്ല ഭാഗ്യം കൊണ്ട് ഒരു അവസരം കിട്ടിയേക്കാം ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാൽ മാത്രം പോരാ അത് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.