വൈദ്യുതിയും സ്വകാര്യ മേഖലക്ക്; ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും

single-img
7 August 2022

ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2022 തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ബില്ലിന് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണത്തിലടക്കം സ്വകാര്യമേഖലക്ക് കടന്നുകയറ്റത്തിന് അവസരമൊരുക്കുന്നതാണ് ബില്ല്.

വ്യാപക എതിർപ്പിനെത്തുടർന്ന് നേരത്തേ മാറ്റിവെച്ച ബിൽ ആയിരുന്നു ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2022. ബിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്താലുടൻ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.

കർഷക സമരത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇലക്ട്രിസിറ്റി ഭേദഗതി ബിൽ പിൻവലിക്കൽ. സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കത്തിൽ ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിനുമുമ്പ് സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നതായി കിസാൻ മോർച്ച കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൂടാതെ ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷനും ഇതിനെതിരെ രംഗത്ത് വന്നു. കർഷകരുൾപ്പെടെ എല്ലാവരുമായി കൂടി ആലോചിച്ച ശേഷം മാത്രമേ വൈദ്യുതി (ഭേദഗതി) ബിൽ പാർലമെന്റിൽ അവതരിപ്പിക്കൂ എന്ന് യുണൈറ്റഡ് കിസാൻ മോർച്ചയ്ക്ക് രേഖാമൂലമുള്ള കത്തിലൂടെ കഴിഞ്ഞ വർഷം കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ, ബിൽ അവതരിപ്പിച്ച് പാർലമെന്റിൽ പാസാക്കാനുള്ള ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാർ എടുത്തതെങ്കിൽ, അത് യുണൈറ്റഡ് കിസാൻ മോർച്ചയ്ക്ക് നൽകിയ രേഖാമൂലമുള്ള വാഗ്ദാനത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷൻ നേതാവ് ഗുപ്ത പറഞ്ഞു.

ഒരിക്കൽ ബിൽ പാസാക്കിയാൽ കർഷകരെയും രാജ്യത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയും വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കും. കൃഷി ഉൽപാദന നിരക്ക് ഉയരും എന്നതാണ് പ്രധാന ആശങ്ക. മാത്രമല്ല കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ രാജ്യത്തിന്‍റെ ഫെഡറൽ ഘടനക്ക് എതിരാണെന്ന് സാമൂഹിക, സാംസ്കാരിക, നിയമ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി.