അന്ധമായ സിപിഎം വിരോധമില്ല; മുസ്‌ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ല എന്ന് പറയാനാകില്ല: എം കെ മുനീർ

single-img
7 August 2022

മുസ്‌ലിം ലീഗ് ഒരിക്കലും ഇടത് മുന്നണിയിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് ലീഗ് നേതാവും എംഎൽഎയുമായ എം കെ മുനീർ . തനിക്ക് അന്ധമായ സിപിഎം വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് സംസാരിക്കവെ പറഞ്ഞു. സംസ്ഥാനത്തെ നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അങ്ങിനെയുള്ളവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്.

ആ അവകാശത്തെ എതിർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. എൽഡിഎഫിലേക്ക് പോകാൻ മുസ്ലിം ലീഗ് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നത് ചർച്ചയാകവേയാണ് ഇപ്പോൾ മുനീറിന്റെ ഈ പ്രസ്താവനയും വന്നിട്ടുള്ളത്.