ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

single-img
6 August 2022

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ്‌ അംഗങ്ങൾ ശനിയാഴ്‌ച തെരഞ്ഞെടുക്കും. എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാജ്യസഭയിലെ 233 അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. വേട്ടെണ്ണലും ഇന്ന് തന്നെ നടക്കും.

പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്‌ച ചുമതലയേൽക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാർ അടങ്ങുന്നതാണ്‌ ഇലക്ടറൽ കോളേജ്‌. ലോക്‌സഭയിൽ 543 എംപിമാരും രാജ്യസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട ഒമ്പത്‌ പേരടക്കം 237 എംപിമാരുമാണ്‌ നിലവിലുള്ളത്‌. 391 വോട്ടാണ്‌ ജയിക്കാനാവശ്യം. ബിജെപിക്കു മാത്രമായി ലോക്‌സഭയിൽ 303ഉം രാജ്യസഭയിൽ 91ഉം അംഗങ്ങളുണ്ട്.

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ജഗ്ദീപ് ധന്‍കർ പുതിയ ഉപരാഷ്ട്രപതിയാകും എന്നാണ് കരുതപ്പെടുന്നത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ തിരിച്ചടിയാണ്. 43 എംപിമാരാണ്‌ തൃണമൂലിനുള്ളത്‌. എന്നാൽ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ആം ആദ്മി, ജെ.എം.എം, ശിവസേന പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ശിവസേനയിലെ പിളർപ്പ്, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച തുടങ്ങിയവ പ്രതിപക്ഷ ചേരിയിൽ ഇപ്പോഴും ആശങ്ക നിലനിർത്തുന്നു.