തൃശൂര്‍ വനമദ്ധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് രക്ഷിച്ചു ; പോലീസിനേയും ആരോഗ്യ പ്രവർത്തകരെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു

single-img
5 August 2022

തിരുവനന്തപുരം: തൃശൂര്‍ വനമദ്ധ്യത്തിലുള്ള മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളെ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പൊലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനം അറിയിച്ചു.

ഒരു സ്ത്രീ കാട്ടില്‍ വച്ച്‌ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കനത്ത മഴയ്ക്കിടെ വനമദ്ധ്യത്തില്‍ ഒറ്റപ്പെട്ടുപോയ ഇവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെ സുരക്ഷിതമായി കോളനിയിലേക്ക് മാറ്റി. ശക്തമായ മഴയില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം ഇവരെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച്‌ പ്രസവ ശുശ്രൂഷ നല്‍കിയത്. അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിഎംഒയും ഡിഎസ്‌ഒയും സംഘവും കോളനിയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അഞ്ചും ആറും മാസമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.