യുക്രൈൻ യുവതിക്ക് വരൻ റഷ്യക്കാരൻ: വിവാഹ വേദി ഇന്ത്യ

single-img
5 August 2022

ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യ-യുക്രൈൻ സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമോ ശത്രുതയോ തങ്ങളുടെ സ്‌നേഹത്തെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യൻ പൗരനായ സെർജി നോവിക്കോവും യുക്രൈൻ സ്വദേശിയായ എലോണ ബ്രമോക്കയും. മാത്രമല്ല, രണ്ടുപേരുടെയും പ്രണയം സാഫല്യമായത് ഇന്ത്യയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം

ഇന്ത്യയിൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്. ഈ മാസം രണ്ടിന് ഹിന്ദു ആചാരങ്ങൾക്ക് അനുസരിച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത് . ഈ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിവാഹ വേദിയിൽ കാർമ്മികൻ മന്ത്രം ചൊല്ലി കൊടുക്കുന്നതും ഇരുവരും ഏറ്റുപറയുന്നതും ചുറ്റം വലംവെയ്ക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരുടെയും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായ സമയത്താണ് ഇവർ ഇന്ത്യയിലേക്ക് വരുന്നത്.

വിവാഹശേഷംനവദമ്പതികൾക്ക് ആശംസ അറിയിച്ച് നിരവധി പേർ എത്തിയിരുന്നു. എല്ലാവിധത്തിലുമുള്ള പ്രതിബന്ധങ്ങളേയും തരണം ചെയ്ത് സ്‌നേഹം വിജയിക്കുമെന്ന് ഇവർ തെളിയിച്ചുവെന്നാണ് ഉയരുന്ന കമന്റുകൾ.