കൊടിമരങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ വ്യക്തമാക്കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

single-img
4 August 2022

കൊച്ചി ∙ സംസ്ഥാനത്തു മുക്കിലും മൂലയിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്ഥിരം കൊടിമരങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ വ്യക്തമാക്കാത്തതില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു.

ഇവ നീക്കം ചെയ്യാന്‍ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

നിയമത്തിന് ഒരു വിലയും നല്‍കാതെ, അനുമതിയൊന്നും തേടാതെ, റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥിരമായി നാട്ടിയിരിക്കുന്ന കൊടിമരങ്ങളാണു ചൂണ്ടിക്കാട്ടുന്നതെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അധികൃതര്‍ ഭൂമിസംരക്ഷണ നിയമപ്രകാരമുള്ള നടപടികള്‍ എടുക്കുകയോ, സര്‍ക്കുലറുകള്‍ ഇറക്കുകയോ ചെയ്യണം. ഇത്തരം കൊടിമരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നു സര്‍ക്കാര്‍ അറിയിക്കണം.

വേറെ ആരെങ്കിലുമാണ് ഇത്തരത്തില്‍ കൊടിമരങ്ങള്‍ സ്ഥാപിച്ചതെങ്കില്‍ നിയമപ്രകാരം ഉടന്‍ നടപടിയെടുക്കും. എന്നാല്‍, പാര്‍ട്ടികളോ, യൂണിയനുകളോ ആണെങ്കില്‍ ഒരു നടപടിയുമുണ്ടാകില്ല. നിയമവാഴ്ച നിലനില്‍ക്കുന്ന നാടാണിതെന്നു ഹൈക്കോടതി ഓര്‍മിപ്പിച്ചു. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം.ചെറിയാന്‍ ഹാജരാകാനായി ഹര്‍ജി 24ന് പരിഗണിക്കാന്‍ മാറ്റി.

നടപ്പാതകളിലെ കൈവരികള്‍, മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ നിരോധിച്ചു കോടതി നിര്‍ദേശപ്രകാരം സര്‍ക്കുലറുകള്‍ ഇറക്കിയെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ചല്ല വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ സംബന്ധിച്ചാണെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ നിരത്തുകളിലും ട്രാഫിക് ജംക്‌ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന സ്ഥിരമായ കൊടിമരങ്ങള്‍ സംബന്ധിച്ചാണു നിര്‍ദേശം. പൊതുസ്ഥലത്തോ, പുറമ്ബോക്കിലോ അനുമതിയില്ലാതെ എങ്ങനെ സ്ഥിരമായ കൊടിമരം സ്ഥാപിക്കാമെന്നു മനസ്സിലാക്കാനാകുന്നില്ലെന്നു പലവട്ടം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.