മാലാ പാർവതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ കെ ലളിത അന്തരിച്ചു

single-img
4 August 2022

പ്രമുഖ ഗൈനക്കോളജിസ്റ്റും നടി മാലാപാര്‍വതിയുടെ അമ്മയുമായ ഡോ കെ ലളിത (85) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയില്‍ ഓഗസ്റ്റ് 4 വ്യാഴാഴ്ച രാവിലെ 5.48 ഓടെയാണ് മരണം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

ആറ് പതിറ്റാണ്ടോളം ഗൈനക്കോളജി രംഗത്ത് പ്രവര്‍ത്തിച്ച ഡോ കെ ലളിത ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1954-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ നാലാമത്തെ ബാച്ചില്‍ നിന്നും എംബിബിഎസ് നാലാം റാങ്കോടെ പാസായ ലളിത ഗൈനക്കോളജിയില്‍ പിജി നേടിയിട്ടുണ്ട്.

പ്രസവചികിത്സാ രംഗത്ത് ഗൈനക്കോളജിസ്റ്റുകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഗൈനക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടുന്നത്. ആദ്യം സംസ്ഥാന ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ ലളിത 1964-ല്‍ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചേര്‍ന്നത്.