52 വർഷമായി ദേശീയ പതാകയെ അപമാനിക്കുന്നവരാണ് ‘ഹർ ഘർ തിരങ്ക’യുമായി എത്തിയിരിക്കുന്നത്: രാഹുൽ ഗാന്ധി

single-img
4 August 2022

ആർ എസ് എസ്സിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. 52 വർഷമായി ദേശീയ പതാക ഉയർത്താതെ അതിനെ അപമാനിക്കുന്നവരാണ് ഇപ്പോൾ ക്യാമ്പയിനുമായി രംഗത്തെത്തിയതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കർണാടക സന്ദർശനത്തിനിടെ ഹുബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഹുബ്ലിയിൽ ദേശീയപതാക നിർമ്മിക്കുന്ന ഖാദിയിലെ ജോലിക്കാരെ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ത്രിവർണപതാക ഉയരങ്ങളിലെത്തിക്കുന്നതിനായി ലക്ഷക്കണക്കിനാളുകളാണ് ജീവൻ ത്യജിച്ചത്. എന്നാൽ, രാജ്യത്തെ ഒരു സംഘടന ഒരുകാലത്തും ത്രിവർണ പതാകയെ സ്വീകരിച്ചിരുന്നില്ല. നാഗ്‌പൂരിലെ ആസ്ഥാനത്ത് 52 വർഷമായി ത്രിവർണ പതാക ഉയർത്താത്ത അവർ നിരന്തരം അതിനെ അപമാനിക്കുകയായിരുന്നു. ഇപ്പോൾ അതേ സംഘടനയുടെ ആളുകൾ ത്രിവർണ പതാകയുടെ ചരിത്രം പഠിപ്പിക്കുന്നു. ​’ഹർ ഘർ തിരങ്ക’ ക്യാമ്പയിനുമായി രംഗത്തെത്തുന്നു. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ജവർഹർലാൽ നെഹ്റു ദേശീയപതാകയുമായി നിൽക്കുന്നതിന്റെ ഫോട്ടോ രാഹുൽ ഗാന്ധി പങ്കുവച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.