കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബി.ജെ.പിയില്‍ ചേര്‍ന്നു

single-img
4 August 2022

ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായിരുന്ന കുല്‍ദീപ് ബിഷ്ണോയ് ബി.ജെ.പിയില്‍ ചേര്‍ന്നു.

ഹരിയാന വിധാന്‍ സഭയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെയാണ് കുല്‍ദീപ് ബി.ജെപി.യില്‍ ചേര്‍ന്നത്.

നാല് തവണ എം.എല്‍.എയും രണ്ട് തവണ പാര്‍ലമെന്റ് അംഗവുമായ ആളാണ് കുല്‍ദീപ് ബിഷ്‌നോയ്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് തവണ മുന്‍ എം.എല്‍.എയുമായ രേണുക ബിഷ്‌ണോയിയും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘എക്കാലത്തെയും മികച്ച പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച കുല്‍ദീപ് അദ്ദേഹത്തിന്റെ വീക്ഷണത്തെയും പ്രത്യയശാസ്ത്രത്തെയും ബി.ജെ.പിയുടെ നയങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ഒരു ഉപാധിയുമില്ലാതെയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രണ്ടാം തവണയാണ് കുല്‍ദീപ് കോണ്‍ഗ്രസ് വിടുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ്. കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അജയ് മാക്കന്റെ തോല്‍വിക്ക് കാരണമായത് കുല്‍ദീപ് ബി.ജെ.പി സ്വതന്ത്രന് വേണ്ടി വോട്ടു മറിച്ചതിനാലെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം കുല്‍ദീപ് എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു. ഹരിയാനയിലെ വിവിധ ബി.ജെ.പി എം.എല്‍.എമാര്‍ കുല്‍ദീപിന്റെ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്‌തിട്ടുണ്ട്.