മോദിക്കുനേരെ ഉയർത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്; കോൺഗ്രസിനെതിരെ കോടിയേരി ബാലകൃഷ്ണൻ

single-img
4 August 2022

കരിങ്കൊടി മറവിൽ കുഴപ്പമുണ്ടാക്കൽ ജനാധിപത്യ സമരരീതിയാണെങ്കിൽ മോദിക്ക് എതിരെയല്ലേ കോൺഗ്രസ് നേതാക്കളേ നിങ്ങൾ ആദ്യം പ്രതിഷേധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കരിങ്കൊടി മറവിലെ കോൺഗ്രസിന്റെ അക്രമസംഭവങ്ങൾ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

സംസ്ഥാന മുഖ്യമന്ത്രി വ്യക്തിപരമായോ പദവി ഉപയോഗിച്ചോ ഒരു അഴിമതിയും നടത്തിയിട്ടില്ല. നിയമസഭ– തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷവും അവരെ പിന്തുണച്ച മാധ്യമങ്ങളും പ്രചരിപ്പിച്ച എൽഡിഎഫ് സർക്കാർ വിരുദ്ധ ആക്ഷേപങ്ങൾ ജനങ്ങൾ തള്ളിയതായും അദ്ദേഹം പറഞ്ഞു.

എന്നാൽ, മോദിക്കും കേന്ദ്ര മന്ത്രിമാർക്കും എതിരെ റഫേൽ വിമാന ഇടപാടുമുതൽ പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ക്രമക്കേടും പെഗാസസുംവരെ പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നു. ചിലതെല്ലാം കോടതിയുടെ പരിഗണനയിലുമാണ്. അതുപോലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ ഉൾപ്പെടെ ഇഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നു എന്ന് കോൺഗ്രസുതന്നെ പരാതിപ്പെടുന്നു. എന്നിട്ടും മോദിക്കെതിരെ കോൺഗ്രസ് എന്തേ കരിങ്കൊടി കാട്ടാത്തതെന്നും കോടിയേരി ചോദിക്കുന്നു.

മോദിക്കുനേരെ ഉയർത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്. അതിൽ തെളിയുന്നത് കോൺഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യനിഷേധവുമാണ്. അതിനൊപ്പം എൽഡിഎഫ് വിരുദ്ധതയിൽ കേരളത്തിലെ കോൺഗ്രസും മോദിഭരണക്കാരും തമ്മിലുള്ള ഒക്കച്ചങ്ങാതി നയവുമെന്നും അദ്ദേഹം പരിഹസിക്കുന്നു.