രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് കര്‍ണാടകയിലെ ലിംഗായത്ത് മഠാധിപതി


ബെംഗളൂരു: രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആശംസിച്ച് കര്‍ണാടകയിലെ ലിംഗായത്ത് മഠാധിപതി.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍, സംസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി ചിത്രദുര്‍ഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലുമെത്തിയിരുന്നു. ഇവിടെ വെച്ച് മഠത്തിലെ ഹവേരി ഹൊസമഠം സ്വാമി രാഹുലിനെ ആശംസിക്കുകയായിരുന്നു. രാഹുല്‍ പ്രധാനമന്ത്രി ആകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി നേതൃത്വങ്ങളെ കുറിച്ചും ആഭ്യന്തര കാര്യങ്ങളെ കുറിച്ചും പരസ്യമായി അഭിപ്രായങ്ങള്‍ പറയരുതെന്ന് അദ്ദേഹം നേതാക്കളോട് നിര്‍ദ്ദേശിച്ചു. കര്‍ണാടക ഘടകത്തിന്റെ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബി.ജെ.പി നേതൃത്വത്തിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി ശക്തമായി മുന്നോട്ട് പോകും. ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരം പിടിക്കണം. കര്‍ണാടകയിലെ മുഴുവന്‍ പാര്‍ട്ടി നേതാക്കളും ഇതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. നേതാക്കള്‍ ഒരു കാരണവശാലും വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുത്. മാധ്യമങ്ങള്‍ എല്ലായിടത്തുമുണ്ട്. അറിയാതെ പോലും ഒന്നും സംസാരിക്കരുത്. മാധ്യമങ്ങളുടെ കെണിയില്‍ വീഴരുത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകള്‍ പരമ്ബരാഗതമായി ബി.ജെ.പി വോട്ടര്‍മാരാണ്. രാഹുലിന്റെ സന്ദര്‍ശനത്തോടെ, പാര്‍ട്ടിക്കുള്ളിലും പുറത്തും തങ്ങളുടെ പ്രവര്‍ത്തനം വിശാലമാക്കാനും ഐക്യം പ്രകടിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2013 മുതല്‍ 2018 വരെ അധികാരത്തിലിരുന്ന ശേഷം, 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം ജനതാദളുമായി (സെക്കുലര്‍) പങ്കാളിത്തത്തോടെ കോണ്‍ഗ്രസ് ഹ്രസ്വകാലത്തേക്ക് സര്‍ക്കാര്‍ രൂപീകരിച്ചു. സഖ്യത്തില്‍ നിന്നുള്ള നിരവധി എംഎല്‍എമാര്‍ രാജിവെച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ആ സര്‍ക്കാര്‍ തകര്‍ന്നു. അതിനുശേഷം ബി.ജെ.പി വീണ്ടും സംസ്ഥാനത്ത് ഭരണത്തിലെത്തി.