പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

single-img
2 August 2022

ഇസ്ലാമാബാദ് : പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ ഇമ്രാം ഖാന്റെ ഫോട്ടോയ്ക്ക് പകരം ടെസ്ല മോട്ടോഴ്സ് സ്ഥാപകന്‍ എലോണ്‍ മസ്‌കിന്റെ ഫോട്ടോ അഭിനന്ദന കുറിപ്പോടെ ചേര്‍ക്കുകയും ചെയ്തു. മസ്‌കിന്റെ ഫോട്ടോ കണ്ടതോടെയാണ് ഇമ്രാന്‍ ഖാന്റെ ഇന്‍സ്റ്റാഗ്രാം ഹാക്ക് ചെയ്യപ്പെട്ടതായി പാര്‍ട്ടി അനുയായികള്‍ക്ക് മനസിലായത്.

ഇന്‍സ്റ്റാഗ്രാമിന്റെ മാതൃ കമ്ബനിയായ മെറ്റാ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുത്തതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡ് അര്‍സ്ലാന്‍ ഖാലിദ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇമ്രാന്‍ ഖാന് പുറമേ മുന്‍ ഫെഡറല്‍ പ്ലാനിംഗ് മന്ത്രി അസദ് ഉമറിന്റെ അക്കൗണ്ടും പിടിഐ സെക്രട്ടറി ജനറലിന്റെ ട്വിറ്റര്‍ അക്കൗണ്ടും കഴിഞ്ഞയാഴ്ച ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ നാടകങ്ങളിലൂടെ പാക് പ്രധാനമന്ത്രി കസേര നഷ്ടമായെങ്കിലും വീണ്ടും അധികാരത്തില്‍ തിരിച്ചെത്താല്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇമ്രാന്‍ ഖാന്‍. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് നേരത്തേയാക്കാനുള്ള സമരപരിപാടികളിലാണ് ഇമ്രാന്‍ ശ്രദ്ധ നല്‍കുന്നത്. അടുത്തിടെ പാക് പഞ്ചാബില്‍ നടന്ന തിരിഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയം ഇമ്രാന് ആത്മവിശ്വാസം പകരുന്നതാണ്.