ദേശീയ പതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കാരണവുമായി കേന്ദ്രമന്ത്രി

single-img
1 August 2022

രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യന്ത്രനിർമിത, പോളിസ്റ്റർ ദേശീയ പതാകകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് വിശദീകരണവുമായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി . ഇന്ത്യയുടെ ഖാദി വ്യവസായത്തിന് ഇത്രയും വലിയ ആവശ്യം നിറവേറ്റാൻ കഴിയാത്തതുകൊണ്ടാണ് പതാകകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

ഇതോടൊപ്പം തന്നെ രാജ്യത്തെ എല്ലാ ഖാദി, കുടിൽ വ്യവസായങ്ങൾക്കും സർക്കാർ ഓർഡർ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിക്ക് കോടിക്കണക്കിന് പതാകകൾ ആവശ്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രാജ്യത്തെ ഖാദി വ്യവസായത്തിന് ആവശ്യം നിറവേറ്റാൻ കഴിയില്ല. അതിനാലാണ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയത്.

കേന്ദ്രസർക്കാർ 2002-ലെ ഫ്ലാഗ് കോഡ് തിരുത്തിയതിലും യന്ത്ര നിർമ്മിത പോളിസ്റ്റർ പതാകകൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയതിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇവ വ്യക്തമാക്കിയത്.