ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റി; ഇനി സപ്ലൈകോ ജനറൽ മാനേജർ

single-img
1 August 2022

വിവാദമായ ശ്രീറാം വെങ്കിട്ടരാമന്റെ ആലപ്പുഴ ജില്ലാ കളക്ടര്‍ നിയമനം സർക്കാർ മാറ്റി. ഇനി സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും സംസ്ഥാന പൊതുഭരണ വകുപ്പ് ശ്രീറാമിനെ മാറ്റിയത്.

പുതിയ ചുമതലയിൽ സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റത്. ആലപ്പുഴയിൽ ശ്രീറാമിന് പകരം പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ വി.ആര്‍.കൃഷ്ണ തേജയെ കളക്ടറായി നിയമിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയായ ശ്രീറാമിനെതിരെ സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

അതേപോലെ തന്നെ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് ഇന്ന് വൈകുന്നേരം യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ തന്നെയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ മാറ്റിയതും.