എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം; അപേക്ഷ നല്‍കിയ 99.6 ശതമാനം ദുരിതബാധിതര്‍ക്കും വിതരണം ചെയ്തു

single-img
1 August 2022

എന്‍ഡോസള്‍ഫാന്‍ ധനസഹായത്തിന് അപേക്ഷ നല്‍കിയ 99.6 ശതമാനം ദുരിതബാധിതര്‍ക്കും വിതരണം ചെയ്തു. ആഗസ്ത് ഒന്ന് വരെ 5193 പേര്‍ക്കായി 204.745 കോടി രൂപ വിതരണം ചെയ്തു. അപേക്ഷ നല്‍കിയ 14 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 99.6 ശതമാനം വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ അിറയിച്ചു.

എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ല ആസ്ഥാനത്ത് നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായി ആഗസ്ത് ഒന്നുവരെ 5193 പേര്‍ക്കായി 204,74,50,000 രൂപയാണ് വിതരണം ചെയ്തത്.

അപേക്ഷ നല്‍കിയ 14 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുള്ളത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട് അവകാശ തര്‍ക്കം നിലനില്‍ക്കുന്നവര്‍ ഒഴിച്ചുള്ളവര്‍ക്കാണ് ധനസഹായം നല്‍കിയത്. അപേക്ഷ നല്‍കിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക പബ്ലിക് നോട്ടീസ് ആയി പ്രസിദ്ധീകരിച്ചിരുന്നു.
ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ നഷ്ടപരിഹാര തുക ജൂലൈ രണ്ടാം വാരത്തില്‍ തന്നെ അപേക്ഷിച്ച മുഴുവന്‍ ദുരിത ബാധിതര്‍ക്കും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനായി. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുത ഗതിയില്‍ പൂര്‍ത്തീകരിച്ചു.

ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തിക്കുകയും കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലേയും മുഴുവന്‍ ജീവനക്കാരും എന്‍ഡോസള്‍ഫാന്‍ തുക വിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ സാധിച്ചത്.
2022 ഏപ്രില്‍ 30ന് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപയുടെ ധനസഹായം മുഴുവനായും വിതരണം ചെയ്തതിന് ശേഷം ജൂലൈ 16ന് 6,30,50,000 രൂപ കൂടി അനുവദിച്ചിരുന്നു. ഇതില്‍ 4,74,50,000 രൂപയും വിതരണം ചെയ്തു കഴിഞ്ഞു. ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു.