പശ്ചിമ ബംഗാളിൽ 7 പുതിയ ജില്ലകൾ കൂടി; പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി
പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ കൂടി രൂപീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പുതിയ ജില്ലകൾ — ബെർഹാംപൂർ, കാണ്ടി, സുന്ദർബൻസ്, ബഷീർഹട്ട്, ഇച്ചാമതി, റാണാഘട്ട്, ബിഷ്ണുപൂർ- ഇങ്ങിനെ ആകെ ജില്ലകളുടെ എണ്ണം 30 ആയി ഉയരും .
ഇതിനു സംസ്ഥാന മന്ത്രിസഭ ഇന്ന് നിർദ്ദേശം അംഗീകരിച്ചു. സുഗമമായ ഭരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാനാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടൊപ്പം തന്നെ സംസ്ഥാന മന്ത്രിസഭ പുനസംഘടന ഉണ്ടാകുമെന്നും നാലോ അഞ്ചോ പുതിയ മുഖങ്ങൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
“മുഴുവൻ മന്ത്രിസഭയും പിരിച്ചുവിട്ട് പുതിയത് രൂപീകരിക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല. ഒരു പുനഃസംഘടന ഉണ്ടാകും. ഞങ്ങൾക്ക് മന്ത്രിമാരായ സുബ്രത മുഖർജി, സധൻ പാണ്ഡെ എന്നിവരെ നഷ്ടപ്പെട്ടു. പാർത്ഥ ജയിലിലാണ്. ജോലി ചെയ്യണം. എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല.” പുനഃസംഘടനയെക്കുറിച്ച് സംസാരിച്ച ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാൾ എസ്‌എസ്‌സി റിക്രൂട്ട്‌മെന്റ് അഴിമതിയിൽ പ്രതിയായ പാർത്ഥ ചാറ്റർജിയെ തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജൂലൈ 28 ന് മമത ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇത്.