എകെജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിഞ്ഞ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പിന്നിലാരെന്ന് കണ്ടെത്താനാകാതെ പോലീസ്

single-img
31 July 2022

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിഞ്ഞ സംഭവത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും പിന്നിലാരെന്ന് കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്.

പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിപിഎം ബന്ധമാണ് അന്വേഷണം എവിടെയും എത്താത്തതിന് കാരണമെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ 30ന് രാത്രി 11.25 ഓടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായത്. അജ്ഞാതന്‍ ഓഫീസിനുനേരെ പടക്കം പോലൊരു സ്ഫോടകവസ്തു എറിയുകയായിരുന്നു. എകെജി സെന്ററിന്റെ പിന്‍ഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇവിടെ മതിലില്‍ തട്ടി സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവിയില്‍ നിന്ന് അക്രമി വണ്ടിയില്‍ എത്തുന്നതും സ്ഫോടക വസ്തു എറിയുന്നത്തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമിയുടെ മുഖമോ വണ്ടി നമ്ബറോ കൃത്യമായി ലഭിച്ചില്ല. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതാണ് തടസ്സമായത്.

പരിസരത്ത് നിന്ന് ദൃശ്യങ്ങള്‍ ശേഖരിച്ചു പൊലീസ് സൈബര്‍ സെല്ലിന് കൈമാറുകയും ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി മാറ്റി പരിശോധിക്കാക്കാനും തീരുമാനിച്ചിരുന്നു. കുന്നുകുഴിയിലെ ചില വീടുകളും പ്രദേശത്തെ നൂറോളം സിസിടിവികളും കേന്ദ്രീകരിച്ചു പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പ്രതിയിലേക്ക് എത്തുന്ന വിധത്തിലുള്ള ഒരു സൂചനയും ലഭിച്ചില്ല. പ്രതി എത്തിയത് ഡിയോ സ്‌കൂട്ടറില്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ ജില്ലയിലെ ഡിയോ സ്‌കൂട്ടറുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നിരുന്നു.

അതിനിടെ, എകെജി സെന്ററിന് കല്ലെറിയുമെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ഇത് വിവാദമായതോടെ അയാളെ വിട്ടയക്കുകയും ചെയ്തിരുന്നു.സംഭവം നടക്കുന്ന സമയത്ത് വിശ്രമത്തില്‍ ആയിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി ഇല്ലാതിരുന്നതും വിവാദമായി. സ്‌ഫോടനശബ്ദം തങ്ങള്‍ കേട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി.

സംഭവ നടന്ന ദിവസം എകെജി സെന്ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ തുടക്കം മുതല്‍ പൊലീസ് സംശയിച്ചിരുന്നു. പക്ഷെ തട്ടുകടക്കാരന്റെ സിപിഎം ബന്ധം പുറത്തായതോടെ ആ വഴിക്കുള്ള അന്വേഷണവും നിര്‍ത്തിയെന്ന ആരോപണമുണ്ട്. ഇതുവരെ ലഭ്യമായ തെളിവുകള്‍ പരിശോധിച്ചു വരുന്ന ക്രൈംബ്രാഞ്ചിന് പ്രതിയിലേക്ക് എത്താനാകുമോ എന്നാണ് ഇനി അറിയേണ്ടത്