സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്
പീഡന പരാതിയിൽ സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു. കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ൽ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇതോടെ സിവിക് ചന്ദ്രനെതിരായ പീഡന കേസുകളുടെ എണ്ണം രണ്ടായി.
ആദ്യ ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞിരുന്നു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്.
സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതിയുമായി എത്തിയത്. ഏപ്രിലിൽ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സിവിക് ചന്ദ്രൻ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്.
സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. പരാതിക്കാരിയിൽനിന്നും സാക്ഷികളായ ആളുകളിൽനിന്നും പൊലീസ് മൊഴിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളിൽനിന്നും പൊലീസ് മൊഴി എടുക്കുന്നുണ്ട്. സംഭവസ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.