ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി വാങ്ങിച്ച വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ സർക്കാർ ഒളിച്ചു കളി

single-img
30 July 2022

ഗവർണർക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി. അനൂപ് ജേക്കബിന്റെ ചോദ്യങ്ങൾക്കാണ് ‘വിവരം ശേഖരിച്ചു വരുന്നു’ എന്ന മറുപടി മുഖ്യമന്ത്രി പറഞ്ഞത്.

മന്ത്രിമാർ, ഗവർണർ, ഉദ്യോഗസ്ഥർ എന്നിവർക്കായി ഈ സർക്കാരിന്റെ കാലത്ത് എത്ര ഔദ്യോഗിക വാഹനങ്ങൾ വാങ്ങി. ഇതിനായി എത്ര തുക ചെലവായി? ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളാണ് അനൂപ് ജേക്കബ് ഉന്നയിച്ചത്. എന്നാൽ ഈ മൂന്നു ചോദ്യങ്ങൾക്കുമായി ‘വിവരം ശേഖരിച്ചു വരുന്നു’ എന്ന ഒറ്റ വരി മറുപടിയുടെ ഒളിച്ചു കളിക്കുകയായിരുന്നു സർക്കാർ.

എന്നാൽ നിയമസഭ മറുപടിയിൽ കണക്കുകൾ വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിലും ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇറങ്ങിയ ഉത്തരവുകൾ പരിശോധിച്ചാൽ കണക്ക് വ്യക്തമാകും.

മുഖ്യമന്ത്രിക്കായി ഒരു കിയ കാർണിവലും മുഖ്യമന്ത്രിയുടെ എസ്‌കോർട്ടിനായി 3 ഇന്നോവ ക്രിസ്റ്റയും വാങ്ങാനായി ധനവകുപ്പ് അനുവദിച്ചത് 88.69 ലക്ഷം രൂപ. ഗവർണർക്ക് ബെൻസ് വാങ്ങാൻ മാത്രം 85 ലക്ഷം രൂപയും ചിലവായി. കൂടാതെ ഡൽഹിയിൽ മുഖ്യമന്ത്രിയുടേയും ഗവർണറുടേയും ഉപയോഗത്തിന് 2 ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 72 ലക്ഷം രൂപയും ധനവകുപ്പ് നൽകി. 6 മന്ത്രിമാർക്കും ഈ കാലയളവിൽ പുതിയ വാഹനം വാങ്ങാൻ സർക്കാർ തുക അനുവദിച്ചു.

അതായതു മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രം വാഹനം വാങ്ങാൻ ഏകദേശം 2.45 കോടി രൂപയും മന്ത്രിമാർക്ക് വാഹനം വാങ്ങാൻ വേണ്ടി 1.50 കോടി രൂപയുമാണ് ഈ സർക്കാകർ ചിലക്കിയത്. കണക്കുകൾ ധന എക്‌സ്‌പെൻഡിച്ചർ വിംഗിലും ബജറ്റിലും ലഭ്യമാണെന്നിരിക്കെ വിവരം ശേഖരിക്കുന്നുവെന്ന് പറഞ്ഞുള്ള ഒഴിഞ്ഞു മാറ്റം എന്തിനെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.