സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ട്വീറ്റുകൾ നീക്കണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

single-img
29 July 2022

കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ ഉയർന്ന അനധികൃത ബാര്‍ നടത്തിപ്പ് ആരോപണത്തില്‍ ഇടപെട്ട് ദൽഹി ഹൈക്കോടതി. ഇവർക്കെതിരെയുള്ള അപകീര്‍ത്തികരമായ ട്വിറ്റുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

മുതിർന്ന കോൺഗ്രസ് നേതാവായ ജയറാം രമേഷ്, പവന്‍ ഖേര, നെട്ട ഡിസൂസ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം. വിഷയത്തിൽ സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ ഇവര്‍ക്ക് കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. കേസ് ആഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.

ഗോവയിൽ പ്രവർത്തിക്കുന്ന ‘സില്ലി സോള്‍സ് കഫേ ആന്‍ഡ് ബാര്‍’ കേന്ദ്രമന്ത്രിയുടെ കുടുംബമാണ് നിയന്ത്രിക്കുന്നതെന്നും മകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരില്‍ മന്ത്രിയുടെ മകള്‍ സോയിഷ് ഇറാനി ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്നും നേതാക്കള്‍ ആരോപണം ഉന്നയിക്കുകയുണ്ടായി . ഇതിനെ തുടർന്നാണ് തന്റെ മകള്‍ക്കെതിരെ അപകീര്‍ത്തികരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വക്കീല്‍ നോട്ടീസ് അയച്ചത്.