യുഎഈൽ കനത്ത മഴയും വെള്ളപ്പൊക്കവും; രക്ഷാ പ്രവർത്തനം തുടരുന്നു

single-img
29 July 2022

അബുദാബി: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട 870 പേരെ അടിയന്തര സംഘങ്ങള്‍ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

മൊത്തത്തില്‍, 3,897 പേരെ ഷാര്‍ജയിലും ഫുജൈറയിലും താല്‍ക്കാലിക അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാകുമ്ബോള്‍ മാത്രം അവര്‍ക്ക് വീടുകളിലേക്ക് തിരികെ വരാം.

ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. തുടര്‍ന്നാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. യുഎഇ സൈന്യം രംഗത്തിറങ്ങിയാണ് രക്ഷാപ്രഹവര്‍ത്തനം. എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും നിറഞ്ഞുകവിഞ്ഞു.

ഫുജൈറയില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. മറ്റ് എമിറേറ്റുകളിലെ ദുരന്ത നിവാരണ, രക്ഷാ പ്രവര്‍ത്തക സേനകളെ ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു.

ഫുജൈറ അധികൃതരുമായി ചേര്‍ന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്‍ച ട്വീറ്റ് ചെയ്‍തു. കനത്ത മഴയില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത വെള്ളപ്പൊക്കമാണ് ഉണ്ടായത്. ചില വീടുകള്‍ തകര്‍ന്നതായും വാഹനങ്ങള്‍ ഒലിച്ചുപോയതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.By Alaka KV