ഇഡി യുടെ സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണി :പ്രകാശ്‌ കാരാട്ട്‌

single-img
29 July 2022

ഇഡി യുടെ വിശാല അധികാരങ്ങൾ ശരിവച്ച സുപ്രീംകോടതി വിധി പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും ഭീഷണിയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌. ടീസ്‌ത സെതൽവാദ്‌, സഞ്ജീവ്‌ ഭട്ട്‌, ആർ ബി ശ്രീകുമാർ എന്നിവരെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇ എം എസ്‌ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ജനകീയകൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രകാശ്‌ കാരാട്ട്‌.

ഇഡിയെ ദുരുപയോഗിച്ച്‌ ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും ചവിട്ടിമെതിക്കാൻ കേന്ദ്രസർക്കാരിനാകും. പ്രതിപക്ഷ പാർടികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായ ഇഡിയുടെ നടപടികൾ സുപ്രീംകോടതി വിധിയോടെ കൂടുതൽ രൂക്ഷമാകും. ഗുജറാത്ത്‌ വംശഹത്യകേസിലെ സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ്‌ ടീസ്‌ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ കള്ളക്കേസിൽ ജയിലിലടച്ചതെന്നും പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ഗുജറാത്ത്‌ വംശഹത്യ കേസിൽ വിധിപറഞ്ഞ ജസ്‌റ്റിസ്‌ എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്‌ ഇഡി കേസിലും വിധിപറഞ്ഞത്‌. വിരമിക്കുന്നതിന്റെ തലേന്നായിരുന്നു ഇഡി കേസിലെ വിധി. ജഡ്‌ജിമാർക്കുമേലുള്ള സമ്മർദങ്ങളാണ്‌ ഗുരുതര പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുന്ന ഇത്തരം വിധിക്ക്‌ കാരണം. ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയത്തെപ്പോലും കേന്ദ്രസർക്കാർ സമ്മർദത്തിലാക്കി. ജഡ്‌ജിമാർ ഇത്തരം സമ്മർദങ്ങൾക്ക്‌ വഴങ്ങാതെ ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ടവരാണെന്ന്‌ കാരാട്ട്‌ പറഞ്ഞു.