‘രാഷ്ട്രപത്നി’ പരാമർശം; അധിർ രഞ്ജൻ ചൗധരിക്കെതിരെ കോൺഗ്രസ് നേതാവ് മനീഷ് തിവാരി
അധിർ രഞ്ജൻ ചൗധരിയുടെ ‘രാഷ്ട്രപത്നി’ പരാമർശത്തിനെതിരെ കോൺഗ്രസിനുള്ളിലും എതിർപ്പ്. മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചു രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് പരസ്യ വിമർശനം. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവർ ആദരവ് അർഹിക്കുന്നു. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നും മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.
ഇതാദ്യമായല്ല മനീഷ് തിവാരി ഇത്തരത്തിൽ പ്രതികരിച്ച് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നത്. നേരത്തെ അഗ്നിപഥ് പദ്ധതിയെ കോൺഗ്രസ് ഒന്നടങ്കം എതിർത്തപ്പോൾ പദ്ധതിയെ ന്യായീകരിച്ചിരുന്നു മനീഷ് തിവാരി. നേരത്തെ മനീഷ് തിവാരി ബിജെപിയോട് അടുക്കുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു.
അതേസമയം ‘രാഷ്ട്രപത്നി’ പരാമർശത്തിൽ ഇന്നും സഭ പ്രക്ഷുബ്ധമാകാൻ ഇടയുണ്ട് എന്നാണു റിപ്പോർട്ട്. ഇന്നലെയും ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്മൃതി ഇറാനിയും നിർമല സീതാരാമനും ആയിരുന്നു ആക്രമണത്തിന് മുൻനിരയിൽ ഉണ്ടായിരുന്നത്.
ഇതിനിടെ, അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു.