കോൺഗ്രസിന്റെ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്‌: ഇപി ജയരാജൻ

single-img
29 July 2022

കേന്ദ്രത്തിൽ ബിജെപിയെ എതിർക്കാനുള്ള ശേഷി കോൺഗ്രസിന്‌ നഷ്‌ടപ്പെട്ടതായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ . രാഹുൽഗാന്ധിയേയും സോണിയാഗാന്ധിയേയും ഇഡി വേട്ടയാടുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ പ്രതിരോധം ദുർബലമാണെന്ന് അദ്ദേഹം പറഞ്ഞു.

മൊയ്യാരത്ത്‌ ശങ്കരനെ ക്രൂരമായി കൊലപ്പെടുത്തി കൊലപാതക രാഷ്‌ട്രീയത്തിന്‌ തുടക്കമിട്ട കോൺഗ്രസ്‌ അതേ പാത ഇപ്പോഴും തുടരുകയാണ്‌. ജനക്ഷേമവും വികസനവും ഒരുമിച്ചുകൊണ്ടുപോകുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ ദുർബലമാക്കാൻ ബിജെപി, ആർഎസ്‌എസ്‌, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയെ യുഡിഎഫ്‌ കൂട്ടുപിടിക്കുകയാണ്. കോൺഗ്രസ്‌ പിടിപ്പുകേടും വർഗീയതയും മുതലെടുത്താണ്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതെന്നും ഇപി പറയുന്നു .

കോൺഗ്രസ്‌ തുടങ്ങിവച്ച അതേ നയംതന്നെ ബിജെപിയും നടപ്പാക്കുന്നു. പൊതുമേഖലയുടെ വിൽപ്പന, വിലക്കയറ്റം തുടങ്ങിയവ അതിന്‌ തെളിവാണ്‌. ഇതിനാലാണ്‌ ബിജെപി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന്‌ ത്രാണിയില്ലാത്തത്‌. വർഗീയതയുടെ കാര്യത്തിലും ഇരു പാർടികളും തമ്മില്‍ വലിയ വ്യത്യാസമില്ല.

ആർഎസ്‌എസ്‌ ഹിന്ദു രാഷ്‌ട്ര്‌ പറയുമ്പോൾ ഹിന്ദു രാജ്യമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ കോൺഗ്രസ്‌ പറയുന്നു. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ നുണകൾ കെട്ടഴിച്ചുവിട്ട്‌ സമരങ്ങൾ നടത്തുകയാണ്‌ യുഡിഎഫ്‌. നിയമസഭാ സമ്മേളനംപോലും നല്ലനിലയിൽ നടത്തിക്കൊണ്ടുപോകാൻ സമ്മതിക്കുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തരം അക്രമസമരങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.