സുള്ള്യയിൽ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍

single-img
28 July 2022

കേരളാ- കർണാടക അതിർത്തിയായ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്ഡിപിഐയുടെ നേതാവും സുള്ള്യ സവനുര്‍ സ്വദേശിയുമായ സക്കീര്‍ (29), ബെല്ലാരെ സ്വദേശി ഷഫീഖ് (27) എന്നിവരെയാണ് പ്രത്യേക അന്ന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അന്വേഷണ ഭാഗമായി കസ്റ്റഡിയിലുണ്ടായിരുന്ന 21 പേരില്‍ പെട്ടവരാണ് ഇരുവരും. യുവമോര്‍ച്ചയുടെ ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവായിരുന്നു കൊല്ലപ്പെട്ടത്.


കഴിഞ്ഞദിവസം ബെല്ലാരെയില്‍നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് പോലീസ് പറയുന്നു.

പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ ആറ് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.