നാം സ്വപ്നങ്ങൾ കാണണം; എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ: മുഖ്യമന്ത്രി

single-img
27 July 2022

വികസനത്തിനായുള്ള വിവിധ പദ്ധതികൾ കേരളത്തിൽ വരുമ്പോൾ ഇപ്പോൾ വരേണ്ട എന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ കാലഘട്ടത്തിലും നടക്കേണ്ട കാര്യങ്ങൾ അതത് കാലത്ത് തന്നെ നടക്കണം.

അങ്ങിനെ ചെയ്‌താൽ മാത്രമേ നാടിന് ഭാവിയിൽ കൂടുതൽ വികസനം ഉണ്ടാക്കാനാവൂ. നിർഭാഗ്യവശാൽ കേരളത്തിൽ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. ചില പദ്ധതികൾ എടുത്താൽ അത് ആവശ്യമാണോയെന്ന് ആരോട് ചോദിച്ചാലും അത് ആവശ്യമാണെന്നും നാളേക്ക് വേണ്ടതാണെന്നും നാടിന് നാളെ വികസിത നാടായി മാറാൻ ഇതില്ലാതെ പറ്റില്ലെന്നും പറയും. പക്ഷെ ചിലർ ഇപ്പോൾ വേണ്ടെന്ന് പറയും. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ്? അത് വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്.’

‘നാം സ്വപ്നങ്ങൾ കാണണം. അത് വെറും സ്വപ്നമല്ല. എങ്ങിനെ നാട് മാറണം എന്ന സങ്കൽപ്പമുണ്ടെങ്കിലല്ലേ നാടിന് വളരാൻ കഴിയൂ. 2016-21 കാലത്ത് സംസ്ഥാനത്തിന് ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. എന്നാൽ പശ്ചാത്തല സൗകര്യ വികസനം നടത്തണം. അതിന് പുതിയ സാമ്പത്തിക സ്രോതസെന്ന നിലയിൽ കിഫ്ബി ശക്തിപ്പെടുത്തി.

അന്ന് അതിനെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്ന് വിമർശിച്ചു. എന്നാൽ ഇന്ന് മലർപ്പൊടിക്കാരന്റെ സ്വപ്നമല്ല. 2016 -21 സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും 62000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കി. ഓരോ ഘട്ടത്തിലും കാര്യങ്ങൾ നേരിടാൻ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടി വരും.’- അദ്ദേഹം പറഞ്ഞു.