തലസ്ഥാന നഗരിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കൈകാര്യം ചെയ്ത് ദില്ലി പോലീസ്

single-img
26 July 2022

ദില്ലി: തലസ്ഥാന നഗരിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കൈകാര്യം ചെയ്ത് ദില്ലി പോലീസ്.

ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസിന്റെ മുടിപിടിച്ച്‌ വാഹനത്തിന് പുറത്തേക്ക് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വാഹനത്തുള്ളിലേക്ക് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ തള്ളിയിടാനും ശ്രമിക്കുന്നുണ്ട്. ശ്രീനിവാസ് പോലീസിന്റെ ക്രൂരതയെ ചോദ്യം ചെയ്യുന്നതും വീഡിയോയിലുണ്ട്. തന്റെ തലമുടി പിടിച്ച്‌ എന്തിനാണ് വലിക്കുന്നതെന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു.

അതേസമയം കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പോലീസ് അറസ്റ്റ് ചെയ്തു. വന്‍ പ്രതിഷേധമാണ് ഇന്ന് കോണ്‍ഗ്രസ് നടത്തിയത്. പാര്‍ലമെന്റില്‍ നിന്ന് എംപിമാരുടെ മാര്‍ച്ചും, പുതിയര രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നിവേദനം നല്‍കുകയുമൊക്കെ കോണ്‍ഗ്രസില്‍ നിന്നുണ്ടായി. രാഹുലും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും അടക്കം ഒരു ഡസന്‍ എംപിമാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ വിജയ് ചൗക്ക് പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഞങ്ങള്‍ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച്‌ പ്രതിഷേധിക്കാനാണ് വന്നത്. ഇവിടെ ധര്‍ണയിരിക്കാന്‍ പോലീസ് ഞങ്ങളെ അനുവദിക്കുന്നില്ല. പാര്‍ലമെന്റിനുള്ളില്‍ അവര്‍ ചര്‍ച്ചകളും അനുവദിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

പോലീസ് ഞങ്ങളെ ഇവിടെ വെച്ച്‌ അറസ്റ്റ് ചെയ്യുകയാണ്. ഇന്ത്യയിലെ പോലീസിന്റെ അവസ്ഥ ഇതാണ്. സത്യമെന്തെന്നാല്‍ മോദി രാജാവിനെ പോലെയാണെന്നും രാഹുല്‍ പറഞ്ഞു. പോലീസ് നിര്‍ദേശിച്ചത് പ്രകാരമാണ് പ്രതിഷേധിച്ചത്. എന്നാല്‍ അമിത് ഷായും പ്രധാനമന്ത്രിയും ചേര്‍ന്ന് പ്രതിപക്ഷത്തെ പൂര്‍ണമായും തകര്‍ക്കാന്‍ നോക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഞങ്ങളൊരിക്കലും ഭയപ്പെടില്ല. പോരാട്ടം തുടരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസും സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനുള്ള പ്രതിഷേധത്തിലാണ് തെരുവിലിറങ്ങിയത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ പോലീസ് കൈയ്യേറ്റം ചെയ്തതും ഈ പ്രതിഷേധത്തിനൊടുവിലാണ്. സോണിയാ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ കുമാര്‍ പറഞ്ഞു. സോണിയയെ ഇഡിയെ ഉപയോഗിച്ച്‌ പീഡിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ ഇതില്‍ ഭയപ്പെടില്ല. കേന്ദ്രത്തിന്റെ നുണപ്രചാരണങ്ങളെ തുറന്നു കാണിക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. പോലീസ് ബലംപ്രയോഗിച്ചാണ് പല നേതാക്കളെയും കസ്റ്റഡിയിലെടുത്തത്.