സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു; സിൽവർ ലൈൻ പദ്ധതി നല്ലതാണെങ്കിലും നടപ്പാക്കേണ്ടത് ഈ രീതിയിലല്ല: ഹൈക്കോടതി

single-img
26 July 2022

കേരളത്തിൽ സംസ്ഥാന സർക്കാർ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതി നല്ലതാണെങ്കിലും അത് ഇവിടെ നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പദ്ധതിയുടെ വിജയത്തിനായി ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കോടതി എന്നത് ആരുടേയും ശത്രുവല്ല. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണെന്നും ഹൈക്കോടയില്‍ നിന്നും വിമര്‍ശനമുണ്ടായി. നല്ല ഒരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്നത് സംസ്ഥാന സര്‍ക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കെ റെയിൽ നടത്തുന്ന സാമൂഹികാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.